Skip to main content

Post-mortem of an australian election day

ആദി പാപം ! 


ജൂലിയ ഗോരത്തി എന്ന അമ്പട്ടണ്ടോലും ഇടിയന്‍ അന്തോന്നിച്ചനും തമ്മിലുള്ള ത്രസിപ്പിക്കുന്ന കയ്യാങ്കളി കാന്‍ബരക്കണ്ടം മൈതാനിയില്‍. പ്രവേശനം സൌജന്യം. ഹാജരാവാത്തവര്‍ പിഴയടച്ചാല്‍ "രാജ്യ ദ്രോഹി, അരാജക വാദി" എന്നീ ബഹുമതികള്‍ സ്വന്തം ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത്‌ ചാപ്പയടിപ്പിക്കാവുന്നതാകുന്നു. 

പിഴയടക്കാന്‍ 'ഡോളറ്സ്' കളയാനില്ല, ബഹുമതികള്‍ വാങ്ങാന്‍ ഈ ബാഡിക്ക് പാങ്ങുമില്ല. നവപൌരന്റെ അവകാശമാണ് 'വോട്ട്' - അങ്ങടാ കാച്ച്ചിക്കളയാം

"കിര്‍ കിര്‍ കിര്‍" കിഴക്ക് വെള്ള  നീട്ടി വലിച്ചു കീറി. ഉറക്കച്ചവട് മാറ്റാന്‍ കട്ടനും മുറി ബീഡിയും. ലൈഫ് ബോയ്‌ സോപ്പിട്ടൊരു നീരാട്ട്. കുട്ടിക്കൂറ പൌടരും അത്തറും കൊണ്ടൊരഭിഷേകം. ഉള്ള മുടി ആഞ്ഞു ചീകി ...... കുട്ടപ്പന്‍ സുന്ദരന്‍!! ഇടതുകാല്‍ ചെരിച്ചു വെച്ച് കട്ടന്‍ കാപ്പിയുടെ ബലമെടുത്തു വലതു കാല്‍ പൊക്കിയോരടി. കണ്ണടച്ച് തുറക്കും മുന്‍പ് പടിയടച്ചു തെരുവിലെത്തി. 

ഗൂഗിള്‍ മാര്‍ക്ക്‌ അന്വേഷണ യന്ത്രം അരുള്‍ ചെയ്തു "കുഞ്ഞാടെ, നീയിന്നു വയസ്സറിയിക്കേണ്ടത് കര്‍ത്താവിന്റെ തിരുസഭയില്‍ ആകുന്നു."  

എനിക്ക് കല്പിച്ച പോളിംഗ് ബൂത്ത്‌ ചന്തമുക്കിലെ ബിലാതിക്കപ്പേള. പള്ളിയെങ്കില്‍ പള്ളി പട്ടക്കടയാനാല്‍ അപ്പടി. അങ്കക്കലി മൂത്ത് ഞാന്‍ മുന്നേറി. മുന്നോട്ടങ്ങനെ മുന്നോട്ട്. 

പള്ളി വാതുക്കല്‍ നില്‍ക്കുന്നു മല്ലന്മാര്‍ .... അണികളാണ് പോലും. പല്ലിളിച്ചും കൊഞ്ഞനം കാട്ടിയും ചരക്കു വോട്ടറെ വീഴ്ത്തുവാന്‍ നില്‍ക്കുന്നവര്‍ ഒന്നും രണ്ടുമല്ല മൂന്ന് പേരാണ്.  മല്ലന്‍മാര്‍ എനിക്കും തന്നു കടലാസ്സ്‌. എങ്ങനെ കുത്തണം, ആര്‍ക്കു കുത്തണം, എവിടെ കുത്തണം നോട്ടീസെന്നോട്‌ കല്‍പ്പിച്ചു. 

ജൂലിയ ഗോരത്തിയുടെ ഘനഗംഭീരമായ കടലാസ്സ്‌ നിങ്ങളുടെ ശ്രദ്ദക്കായ്‌ ഞാന്‍ ഇവിടെ ഒട്ടിച്ചു വിട്ടിരിക്കുന്നു. കാണുവിന്‍ ആസ്വദിക്കുവിന്‍. 

എന്റെ പോന്നു ഗോരത്തി മകാളെ ഇതെന്തോന്നിത് പേരടിച്ച കക്കൂസ് പേപറോ? ചായക്കടക്കാരന്‍ കൃഷ്ണേട്ടന്‍ സ്പോന്‍സര്‍ ചെയ്ത ഞങ്ങളുടെ മുത്തപ്പന്‍ കാവിലെ പിങ്ക് നോട്ടീസ് ഇതിന്റെ മുന്‍പില്‍ അത്യുഗ്രന്‍ രാജവെമ്പാല. 

ഇതെന്തൊരു വോട്ടു പിടുത്തമാന്നേ .... 

അമ്മമാരുടെ ചെറുപുഷ്പം യു.പി സ്കൂളില്‍ നടന്ന ഇലക്ഷെന്‍ പോരാട്ടം. സമ്മതിദായകരെ വോട്ടി വീഴ്ത്താന്‍ വെള്ളരിപ്രാവ് ചിഹ്നത്തില്‍ മത്സരിച്ച ഞാന്‍ ഒഴുക്കിയത് - മായാവിയുടെയും ലുട്ടാപ്പിയുടെയും 'ഒട്ടിപ്പോ' നെയിം സ്ലിപ്. എന്റെ തൊട്ടടുത്ത എതിരാളി റോസാപുഷ്പം ചിഹ്നത്തില്‍ മല്‍സരിച്ച മേരി ടീച്ചറുടെ മകള്‍ ഷീന ടി പൌലോസിന്റെ വാഗ്ദാനം മാസപ്പരീക്ഷയുടെ ചോദ്യപേപ്പര്‍. ഗോരത്തിയും, ഇടിയനും, മല്ലന്മാരും അതൊക്കെയൊന്നു കാണണം. 

പള്ളി   വാതിലും മല്ലന്മാരും പുറകില്‍ ഞാന്‍ മുന്നോട്ടങ്ങനെ മുന്നോട്ട്....

ഞാന്‍ എണ്ണം പിടിച്ചു. എട്ടും മൂന്നും പതിനൊന്ന്‌..... സമ്മതിദായകരുടെ ഒരു വമ്പിച്ച നിര തന്നെ മുന്‍പില്‍. 

ഒരു ഉഗ്രനും രണ്ടു ഉഗ്രികളും തിരു രൂപത്തിന് കീഴില്‍ കുന്തിച്ച്ചിരിക്കുന്നു. ടി എന്‍ ശേഷന്റെ ഗമയോടെ ലെഫ്റ്റ് റൈറ്റ് അടിക്കുന്നു ഒരു മഗ്ഗി മദാമ്മ. പോളിംഗ് ആപ്പീസര്‍മാരും തലൈവിയും ആകുന്നു ഉഗ്ര രൂപങ്ങള്‍. 

മുക്കിയും   മൂളിയും നിര മുന്നോട്ട് മനസ്സില്ലാ മനസ്സോടെ ഞാനും. ലക്ഷ്മി ടാക്കീസില്‍ മമ്മൂട്ടി പടത്തിനു ടിക്കറ്റെടുക്കാന്‍ നില്‍ക്കുന്ന പ്രതീതി. 

അങ്ങനെ ഞാനും എത്തീ ഉഗ്രന്റെ മുന്‍പില്‍. ഉഗ്രനെ നോക്കി ഞാന്‍ ഒരു കാച്ച് .... ഒരു ഞെരിപ്പന്‍ പാല്‍പ്പുഞ്ചിരി. ടിയാന്‍  എന്നെ ഒരു ബാലന്‍ കെ നായര്‍ നോട്ടം. ഹോസ്റെലിലെ പഴയ വാച്ച് മാന്‍ അസ്ഥി കുഞ്ഞിരാമേട്ടന്റെ രൂപം എന്റെ മുന്‍പില്‍ മിന്നി തെളിഞ്ഞു. എന്റെ ചിരി ബള്‍ബ്‌ ഫ്യൂസ്!!!

"കന്നിക്കുത്താണോ?" - ഉഗ്രന്‍ അസ്ഥി 
ഞാന്‍ - "ഓ ആന്നേ. എന്റെ പേര്...."ഉഗ്രന്‍ ഒരു തീപ്പൊരി നോട്ടം. പോക്കറ്റില്‍ പുത്തന്‍ ഓസ്ട്രല്യന്‍ പാസ്പോര്‍ട്ടും കൈയില്‍ ശകട ലൈസന്സുമായ് നില്‍ക്കുന്ന  എന്റെ നാവു നൂറേ നൂറില്‍ ഒരിറക്കം. ഉഗ്രന്‍ എന്റെ നേരെ ഒരേറു.....പ്രദീപം അന്തിപ്പത്രം കണക്കൊരു ബാലറ്റ് ഷീറ്റ്. 

അക്ഷോഭ്യനായ്, ആവേശം മൂത്ത് കുമ്പസാരക്കൂടിനു നേരെ ഞാന്‍ നടന്നു. മുമ്പോട്ടങ്ങനെ മുമ്പോട്ട്.  

ബാലറ്റ് കടലാസ് രണ്ട്. പച്ച നിറത്തിലൊരു സ്മാളും, അന്തിപ്പത്രം കണക്കൊരു ലാര്‍ജും. 

പച്ച പേപ്പറില്‍ കണ്ണോടിച്ച ഞാന്‍ കണ്ടത് ഒറ്റ നമ്പര്‍ ലോട്ടറി ടിക്കറ്റ്‌. 
മുടിപ്പുര അമ്മച്ചിയേ!!! ഒന്ന്, രണ്ട്, മൂന്ന് ...... ആറ്. അണ്ടന്‍, അഴകൊടന്‍, ....പാച്ചു, കോവാലന്‍. ആറ് കുത്തില്‍ സംഗതി ക്ലീന്‍. രാജ്യസഭാക്കുത്തു കഴിഞ്ഞു. 

സെനട്ടെന്ന തലേക്കെട്ടോടെ നില്‍ക്കുന്നു ഭീകരന്‍ അന്തിപ്പത്രം. 
ഇത് സംഗതി ഗംഭീരം. ആദ്യഭാഗം കോളം തിരിച്ചു പാര്‍ട്ടിപ്പേരുകള്‍. അന്തോന്നിച്ചന്റെ പാര്‍ട്ടി 'ലിബറല്‍'. ഗോരത്തി മദാമ്മക്ക്‌ 'ലേബര്‍' (മദാമ്മക്ക്‌ വയറ്റില്‍ ഉണ്ടെന്നല്ല വിവക്ഷ. മദാമ്മയുടെ പാര്‍ടി ആണ് ലേബര്‍). ഇത് രണ്ടും ഗടാ ഗടിയന്‍ പോരാളികള്‍. 

കെട്ടി വെച്ച കാശ് പോയാല്‍ കരയാന്‍ പോലും കോപ്പില്ലാത്ത ലോട്ട് ലൊടുക്കു ഡൂക്കിലികളുടെ എണ്ണം - ഏഴ്‌.  

ലിസ്റ്റില്‍ നോക്കിയ എന്റെ കണ്ണൊന്നു ചുവന്നു. കാരണക്കാരന്‍ ലിസ്റ്റിലെ നാലാമന്‍. ലോകത്തിലേക്കും വെച്ചു ആദ്യമായ് അങ്കം വെട്ടി ജയിക്കാന്‍ കേരള ഗോദയിലിറങ്ങിയ..... നമ്മുടെ സ്വന്തം, ധീര സഖാക്കളുടെ സ്വന്തം .... അന്നും ഇന്നും എന്നും അച്ചുമ്മാന്റെ സ്വന്തം. കമ്മൂണിസ്റ്റ് 

ലിസ്റ്റില്‍ വേറെയും ഉണ്ട് രസികന്മാര്‍. മുക്കുവ പാര്‍ട്ടി, അച്ഛനും അമ്മയും പാര്‍ടി.....ഡിം ഡിം പാര്‍ടി 

എഴാം നമ്പര്‍ എത്തിയപ്പോള്‍ ഞാനൊന്നു പാളി. കണ്ണൊന്നും കൂടെ തിരുമ്മി ഞാന്‍ വായിച്ചു. ഇല്ല തെറ്റിയിട്ടില്ല "ഓസ്ട്രല്യന്‍ സെക്സ് പാര്‍ട്ടി". ഹമ്പട!! അതൊരു ഇമ്മിണി ഭീകരന്‍ പാര്‍ട്ടി ആണേ. അവരുടെ പ്രകടന പത്രിക എന്താണാവോ?

കുത്തുകള്‍ കഴിഞ്ഞ ഞാന്‍ ഓസ്ട്രല്യന്‍ പൌരന്റെ അവകാശവും പൊക്കിപ്പിടിച്ച് നടന്നു, നിക്ഷേപപ്പെട്ടി നോക്കി. മുമ്പോട്ടങ്ങനെ മുമ്പോട്ട്.  

അവസാനം കണ്ടു പിടിച്ചു. തക്കാളിപ്പെട്ടിക്ക് മുകളില്‍ ഒട്ടിച്ച ലേബലോടെ നില്‍ക്കുന്നു - ബെലട്റ്റ് ബോക്സ്‌. രാജ്യത്തിന്റെ രഹസ്യഭാരം ചുമക്കുന്ന ഗര്‍ഭപാത്രത്തിലേക്ക് എന്റെ അവകാശം വൈരാഗ്യത്തോടെ എറിയാന്‍ നിന്ന ഞാന്‍ ഒന്നന്തിച്ച്ചു. 

ഓവര്‍ഫ്ലോ ചെയ്ത ഗര്‍ഭപാത്രത്തിന്റെ ചുറ്റും വെറും തറയില്‍ കിടക്കുന്നു ഒരു പറ്റം സമ്മതിദായകരുടെ തീറെഴുത്തുകള്‍. 

മഗ്ഗി മദാമ്മ പറന്നെത്തി. ഇടത്ത് കാലും വലത്ത് കാലും മുന്നോട്ടും പിന്നോട്ടും പണ്ടാരമടങ്ങി കൈകള്‍ നീട്ടി വരിഞ്ഞമര്‍ന്നു മദാമ്മ ഒന്ന് കുനിഞ്ഞു പൊന്തി. തക്കാളിപ്പെട്ടി പൂ പോലെ മദാമ്മയുടെ കൈയില്‍. 

ഒരു കുലുക്കല്‍, നിലത്തു രണ്ടിടി, വീണ്ടും ഒരു കുലുക്കല്‍, ഊക്കോടെ ഒരു കൈവിടല്‍. തക്കാളിപ്പെട്ടി ഒടിഞ്ഞുകുത്തി തറയില്‍ .... തീറെഴുത്തുകള്‍ തക്കാളിപ്പെട്ടിയുടെ അഗാഥ നീലിമയില്‍ ക്രാഷ് ലാണ്ടിംഗ് നടത്തി. മദാമ്മക്ക്‌ പണ്ട് കാപ്പിച്ച്ചാക്ക് നിറച്ചു തുന്നിക്കൂട്ടിയ പരിചയം ഉണ്ട്. മിടുക്കി തടി മിടുക്കി. 

നിക്ഷേപിക്കാന്‍ കുനിഞ്ഞ ഞാന്‍ കണ്ടു. പെട്ടിയുടെ അടി പഞ്ചാര ചാക്ക് തുറന്ന പോലെ ഇരുന്നു ചിരിക്കുന്നു. മദാമ്മയുടെ ഇടി ഏറ്റു. 

മദാമ്മയുടെ നേരെ എന്റെ കണ്ണുകള്‍ - ഭാവം ദൈന്യത 
"വോട്ടിക്കഴിഞ്ഞില്ലേ? ഒന്ന് പോ ഉവ്വേ" മദാമ്മ കൈ ഓങ്ങി. 

കേട്ട പാതി പള്ളിമുറ്റം കടന്നു ഞാന്‍ ഒരോട്ടം. മുന്നോട്ടങ്ങനെ മുന്നോട്ട് !!

പാതി വെന്ത തിരഞ്ഞെടുപ്പ് മൃഷ്ടാന്നം അകത്താക്കിയ ഞാന്‍ അയവിറക്കി. 

മലപ്പുറം കത്തി, അമ്മാവന്റെ കോളാമ്പി,..... എന്തായിരുന്നു ഒരു പ്രസവ വേദന. 

കുറ്റം പറയരുതല്ലോ അമ്പട്ടണ്ടോലും അന്തോനിച്ചനും കൂടി എന്നെ കമ്മൂണിസ്റ്റ് ആക്കി. 

.....................................ഓസ്ട്രല്യന്‍ വന്‍കരയില്‍ കന്നിയങ്കം കുറിച്ച ഒരു പാവം സമ്മതിദായകന്‍ 



 ps: നാട്ടിലെ ഓര്‍മ്മയില്‍ മഷി കുത്തല്‍ കലാപരിപാടിക്ക്‌ കൈ നീട്ടിയ എനിക്ക് ഉഗ്രന്‍ തന്നു....ഒരാട്ട്. പിന്നെ ഒരു ഒട്ടിപ്പോയും. അതിവിടെ ഒട്ടിച്ചിരിക്കുന്നു.

Comments

Popular posts from this blog

ചുമര്‍ ചിത്രങ്ങള്‍

Spellbinding, detailed, retro yet modern....above all colourful - kerala murals always have a rich story to share

എട്ടുകാലുള്ള ബോധം

എണ്ണ തേച്ചു പിടിപ്പിച്ച ദേഹത്തിന് കണ്ണാടിത്തിളക്കം. പാട്ട പൊക്കി വെള്ളം കോരിയൊഴിക്കൽ കർമത്തിന് മുന്നൊരുക്കമായി കൈകൾ മുകളിലേക്ക്, താഴേക്ക്, പിന്നെ വശങ്ങളിലേക്ക്, കുടഞ്ഞെറിഞ്ഞു വലിഞ്ഞു മുറുകെപ്പിടിച്ചൊരഭ്യാസം. സ്വദേഹത്തിൽ ചൂട് കേറി - വാർമ്ഡ് അപ്പ്.  ഇടത്ത് കാൽ പിന്നോട്ട് വരിഞ്ഞമർന്ന്, വലത്ത് കാൽ സദൃഢം, സധൈര്യം മുന്നോട്ട് വെച്ച് പ്രവേശനം. പാത്ത് റൂമിലേക്ക്. പാത്താനല്ല. ബാത്താൻ റെഡി.    സ്‌നാനം എന്ന കർമ്മം. ദൈനം ദിന ആവർത്തനത്തിൻ്റെ  വിരസത. മനസ്സ് മന്ത്രിക്കുന്നു 'ഓൺ യുവർ മാർച്ച്. ഗെറ്റ്. സെറ്റ്. ഗോ.' ആദ്യത്തെ പാട്ട താണു, പൊങ്ങി, വീണ്ടും താണു. ഡിസംബറിൻ്റെ വയനാടൻ കുളിര് ഒരു പാട്ട വലിപ്പത്തിൽ മൂർദ്ധാവ് വഴി ഉരുണ്ടിറങ്ങി. പാതി അടഞ്ഞ കണ്ണുകളിലെ ഉറക്കച്ചടവ്‌  പമ്പ കടന്നോടി. മുന്നിലേക്ക് നീണ്ടു നിവർന്നു കിടക്കുന്ന പുത്തൻ പുതു ദിനമേ നിനക്ക് പ്രണാമം. ഞാൻ തയ്യാർ.  സോപ്പിനു കൈ നീട്ടി. എന്നാൽ കണ്ണിലുടക്കിയത് വാതിലിന് പുറത്ത് പറ്റിപ്പിടിച്ചിരിക്കുന്ന കറുത്ത കാലുകൾ. ഒന്നും രണ്ടും അല്ല. എണ്ണം എട്ട്. നല്ലൊരു എ ക്ലാസ് എട്ടുകാലി.  കുളി നിർത്തി എട്ടുകാലി നിർമാർജനം നടത്തണോ?...