എണ്ണ തേച്ചു പിടിപ്പിച്ച ദേഹത്തിന് കണ്ണാടിത്തിളക്കം. പാട്ട പൊക്കി വെള്ളം കോരിയൊഴിക്കൽ കർമത്തിന് മുന്നൊരുക്കമായി കൈകൾ മുകളിലേക്ക്, താഴേക്ക്, പിന്നെ വശങ്ങളിലേക്ക്, കുടഞ്ഞെറിഞ്ഞു വലിഞ്ഞു മുറുകെപ്പിടിച്ചൊരഭ്യാസം.
സ്വദേഹത്തിൽ ചൂട് കേറി - വാർമ്ഡ് അപ്പ്.
ഇടത്ത് കാൽ പിന്നോട്ട് വരിഞ്ഞമർന്ന്, വലത്ത് കാൽ സദൃഢം, സധൈര്യം മുന്നോട്ട് വെച്ച് പ്രവേശനം. പാത്ത് റൂമിലേക്ക്. പാത്താനല്ല. ബാത്താൻ റെഡി.
സ്‌നാനം എന്ന കർമ്മം. ദൈനം ദിന ആവർത്തനത്തിൻ്റെ വിരസത. മനസ്സ് മന്ത്രിക്കുന്നു 'ഓൺ യുവർ മാർച്ച്. ഗെറ്റ്. സെറ്റ്. ഗോ.'
ആദ്യത്തെ പാട്ട താണു, പൊങ്ങി, വീണ്ടും താണു. ഡിസംബറിൻ്റെ വയനാടൻ കുളിര് ഒരു പാട്ട വലിപ്പത്തിൽ മൂർദ്ധാവ് വഴി ഉരുണ്ടിറങ്ങി. പാതി അടഞ്ഞ കണ്ണുകളിലെ ഉറക്കച്ചടവ് പമ്പ കടന്നോടി. മുന്നിലേക്ക് നീണ്ടു നിവർന്നു കിടക്കുന്ന പുത്തൻ പുതു ദിനമേ നിനക്ക് പ്രണാമം. ഞാൻ തയ്യാർ.
സോപ്പിനു കൈ നീട്ടി. എന്നാൽ കണ്ണിലുടക്കിയത് വാതിലിന് പുറത്ത് പറ്റിപ്പിടിച്ചിരിക്കുന്ന കറുത്ത കാലുകൾ. ഒന്നും രണ്ടും അല്ല. എണ്ണം എട്ട്.
നല്ലൊരു എ ക്ലാസ് എട്ടുകാലി.
കുളി നിർത്തി എട്ടുകാലി നിർമാർജനം നടത്തണോ?
തുടങ്ങിയ കുളി കഴിയട്ടെ. തീരുമാനം വളരെ പെട്ടന്നായിരുന്നു.
പക്ഷെ എട്ടൻ ദൃഷ്ടിയിൽ നിന്ന് പോകരുത്. കൈ വിട്ടാൽ അവൻ (അതോ അവളോ) ഭീകരത സൃഷ്ടിക്കും. അതച്ചട്ടാണ്.
"നോട്ടപ്പിശകാൽ സ്വദേഹത്തിൽ അരിച്ചു നടക്കുന്നു അഷ്ടാംഗൻ...."
മേൽപ്പറഞ്ഞ ദൃശ്യം മനസ്സിൽ തെളിഞ്ഞതും ഇമ വെട്ടൽ എന്ന കണ്ണടയൽ പരിപാടിക്ക് സഡൻ ബ്രേക്ക്. മനസ്സും ശരീരവും ഒന്നായി എട്ടുകാലി ശ്രേഷ്ഠ വീക്ഷണം എന്ന കലാപരിപാടിയിൽ മുഴുകി.
ശ്രേഷ്ഠൻ ഇടത്തോട്ട് തിരിഞ്ഞോ?
അല്ല നോട്ടം വലത്തോട്ടാണ്.
"കുളിച്ചു ശുദ്ധമായി മുന്നിൽ വിരാജിക്കുന്ന മനുഷ്യ ദേഹത്തിൻ്റെ പുറത്തേക്ക് എങ്ങനെ ലാൻഡ് ചെയ്യാം?" ശ്രേഷ്ഠൻ തല പുകക്കുന്നത് അതോർത്തു തന്നെ. തീർച്ച. എട്ടു കാലൻ്റെ തലച്ചോറിനും ഏട്ടിൻ്റെ പവർ ഉണ്ടാകും.
ശ്രദ്ധ വിട്ടു പോകരുത്. എട്ടു കാലുകളേ, നിന്നെ ഞാൻ വിടില്ല.
സോപ്പ് തേച്ചോ? ഓർമയില്ല.
എങ്ങനെ വഴുതി. അതും ഓർമയില്ല.
ഗുരുത്വാകർഷണത്തിനു വഴങ്ങി ഭൂമീ ദേവിയെ സാഷ്ടാംഗം പ്രണമിക്കാൻ വീണു തുടങ്ങി സ്വദേഹം.
"എൻ്റെ പന്തീരാങ്കാവ് ന്യൂട്ടൺ മുത്തപ്പാ..." ജംബോ സർക്കസിലെ പന്തിൻമുകളിലെ ആനയുടെ കണക്ക് ഇല്ലാത്ത ബാലൻസ് ഓടിച്ചുണ്ടാക്കി നിന്നു.
ഹാവു! സ്വദേഹം രണ്ടു കാലിൽ.
പെട്ടന്നാണോർത്തത്.
"എവിടേ എൻ്റെ ദൃഷ്ടി? എട്ടു കാലുകൾ....."
എട്ടു പോയിട്ട് ഒന്ന് പോലും കാണാനില്ല. അഷ്ടാംഗൻ മിസ്സിംഗ്.
ബക്കറ്റ് പൊക്കുന്നു. സോപ് പെട്ടി മാറ്റുന്നു. തൂക്കിയിട്ട തോർത്ത് കുടയുന്നു.
നഹി. നഹി. No signs of Araneae, the air-breathing arthropod. എട്ടു കാലി വാനിഷിംഗ് ബ്യൂട്ടി ആയി.
മുങ്ങിയ കാലനെ എങ്ങനെ പൊക്കും എന്ന് ചിന്തിച്ചിരിക്കുമ്പോൾ സ്വദേഹത്തിൻ്റെ പുറത്ത് ഒരു കിരുകിരുപ്പ്.
"എന്താ, നിങ്ങള് ചത്തോ മനുഷ്യാ?"
അടഞ്ഞ വാതിലിനപ്പുറത്തു നിന്നും സഹധർമ്മിണിയുടെ കുശലാന്വേഷണം.
അപ്പോഴാണറിഞ്ഞത് കിരുകിരുപ്പനുഭവം സ്വദേഹത്തെ തുള്ളിച്ചാടിച്ചെന്നും. ചാട്ടത്തിനിടക്ക് "എൻ്റെയമ്മച്ചിയേ..." എന്ന ബീജമന്ത്രം സ്വദേഹത്തിൽ നിന്ന് പുറത്തേക്ക് ചാടി, കുംഭകർണ സേവയിൽ മനം കുളിർന്ന് കിടക്കുകയായിരുന്ന ധർമ്മിണി ഡാർലിംഗിനെ കുത്തി അവളിലെ ഭദ്രകാളി അവതാരത്തെ ഉണർത്തിയെന്നും.
തിരിഞ്ഞപ്പോൾ മനസ്സിലായി. എട്ടു കാലനല്ല.
തൂക്കിയിട്ട ഹാൻവീവ് തോർത്തിൻ്റെ അറ്റത്ത് തോരണം പോലെ തൂങ്ങിയാടുന്ന നൂല് സമുച്ചയം. സ്വദേഹൻ്റെ പുറത്ത് ഇപ്പറഞ്ഞ സമുച്ചയം സദയം സ്പർശിച്ചതാകുന്നു കിരുകിരുപ്പിൻ്റെ കാരണം.
"നിങ്ങളെ പിരാന്തു മാറിയോ?"
മിസ്സിസ് ഭവതി ചോദിച്ചതിൻ്റെ പൊരുൾ മുന്നിലെ നിലക്കണ്ണാടിയിൽ ഞാൻ തെളിഞ്ഞു കണ്ടു. പാതി തേച്ച സോപ്പിൻ പത. ഭഗോതി കേറിയ വെളിച്ചപ്പാടിൻ്റെ വിറ വിറയ്ക്കുന്ന സ്വദേഹത്തിൽ മറ്റൊന്നുമില്ല.
മണിക്കൂറു നീണ്ട അന്വേഷണം.
സെർച്ച് ഫെയിൽഡ്.
വെറും കയ്യിൽ കാലി ചെരുപ്പുമായി പാത്ത് റൂം വാതുക്കൽ പ്രത്യക്ഷനായി സ്വദേഹം. ശരീരത്തിലെ വിറ ചെരുപ്പിന് പകർന്നിരിക്കുന്നു. എട്ടനെ അടിച്ചരക്കാൻ സീനിലേക്ക് ഭൂജാതനായ ചെരുപ്പിനു മോഹഭംഗം വേണ്ടുവോളമുണ്ട്.
മാസം ഒന്ന് കഴിഞ്ഞു. ഒരു കണ്ണകലത്തിൽ ഒളിച്ചിരിക്കുന്ന എട്ടു കാലുകളെ തേടിയുള്ള എൻ്റെ കുളിയാത്രകൾ അനുസ്യൂതം തുടരുന്നു. കുളി മാത്രം മൊത്തത്തിൽ മിസ്സിംഗ്.
എട്ടു കാലുകളെ, നിങ്ങളെ ഞാൻ തിരയും. പിടിക്കും. ഒടുക്കും.
അതു വരെ. എനിക്ക് കുളിയില്ല.

Comments